COVID-19

ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടി; നിയന്ത്രണങ്ങള്‍ തുടരും

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗൺ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തെത്തിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കി.നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്.

കോവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം.

നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയതോടെ റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങളൊന്നും ഉണ്ടാവില്ല. മെട്രോ സര്‍വീസുകളും നിര്‍ത്തിവയ്ക്കും. സ്‌കൂളുകളും കോളജുകളും തുറക്കില്ല. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവില്‍ പറയുന്നത്.

ലോക്ക്ഡൗൺ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി.

പാൻ, ഗുഡ്ക, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാം. കടയിൽ സാധനം വാങ്ങാനെത്തുന്ന ആളുകൾ തമ്മിൽ ആറടി അകലം വേണം.

ഒരുസമയത്ത് അഞ്ചുപേരിൽ കൂടുതൽ ആളുകൾ പാടില്ല. എന്നാൽ ബാറുകൾ തുറക്കാൻ അനുമതിയില്ല. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാർഗരേഖയിൽ പറയുന്നു.

പഞ്ചാബും കേരളവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മദ്യശാലകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരുമാന നഷ്ടം ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.

എന്നാല്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകും.

ഓറഞ്ച് സോണിലും ഭാഗിക ഇളവുകള്‍ നല്‍കും.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച്‌ കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ചു.

കേരളത്തില്‍ കോട്ടയം, കണ്ണൂര്‍ ജില്ലകളെ റെഡ്‌സോണിലും വയനാട്, എറണാകുളം ജില്ലകളെ ഗ്രീന്‍സോണിലും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. മെയ് 3നു ശേഷവും ഈ രണ്ടു ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും.

കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. കേരളത്തിന്റെ പട്ടികയില്‍ നിന്ന് വ്യത്യസ്തമാണ് കേന്ദ്രത്തിന്റെ പുതുക്കിയ പട്ടിക.

21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്.

രാജ്യത്ത് 130 ജില്ലകളാണ് റെഡ് സോണില്‍.

284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്.

319 ജില്ലകള്‍ ഗ്രീന്‍സോണില്‍ ഇടംപിടിച്ചു.

ഡല്‍ഹിയിലെ മുഴുവന്‍ ജില്ലകളും റെഡ് സോണിലാണ്.

15 ദിവസംകൊണ്ട് റെഡ് സോണുകളുടെ എണ്ണം 23 ശതമാനം കുറഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 15ന് 170 റെഡ് സോണുകളുണ്ടായിരുന്നിടത്ത് ഏപ്രില്‍ 30ന് 130 ആയി കുറഞ്ഞിട്ടുണ്ട്.

കോവിഡ് കേസുകള്‍ ഒന്നു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഗ്രീന്‍ സോണുകളുടെ എണ്ണം 21 ദിവസം കൊണ്ട് 356ല്‍ നിന്ന് 319 ആയി കുറയുകയാണുണ്ടായത്.

കുറഞ്ഞ തോതിലാണെങ്കിലും വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഓറഞ്ച് സോണുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. നേരത്തേ 207 ജില്ലകള്‍ ഓറഞ്ച് സോണിലുണ്ടായിരുന്നത് 284 ആയി ഉയര്‍ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Related Articles

Back to top button
error: Content is protected !!
Close