Uncategorized

ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയാൻ നടപടി; സ്ഥാപനങ്ങൾ രജിസ്റ്റർ സൂക്ഷിക്കണം

ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ്  നടപടികൾ തുടങ്ങി.

ഹോട്ടലുകളും ബേക്കറികളും പുനരുപയോഗ യോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) അംഗീകൃത ഏജൻസികളുമായി മാത്രം കരാറിൽ ഏർപ്പെടണം.

പുനരുപയോഗ യോഗ്യമല്ലാതെ പുറം തള്ളിയ എണ്ണയുടെ കണക്ക് രേഖപ്പെടുത്തിയ രജിസ്റ്ററും, എണ്ണ ശേഖരിക്കുന്ന ഏജൻസിയെ സംബന്ധിച്ച വിവരങ്ങളും സ്ഥാപനങ്ങളിൽ സൂക്ഷിക്കണം.

റൂക്കോ (റീ പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ) പദ്ധതിയാണ് ജില്ലയിൽ നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം അംഗീകൃത ഏജന്‍സികള്‍ ബേക്കറികളിൽ നിന്നും ഹോട്ടലുകളില്‍ നിന്നും ഒരു നിശ്ചിത തുക നല്‍കി പുനരുപയോഗ യോഗ്യമല്ലാത്ത എണ്ണ ശേഖരിക്കുകയും അത് ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുമായി  കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ബയോഡീസൽ കമ്പനികള്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.

ഹോട്ടലുകളിലും ബേക്കറികളിലുമുള്ള ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം നിയന്ത്രിക്കുന്നതിനാണ് റൂക്കോ പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നതിനായി എണ്ണ പല തവണ ചൂടാക്കി ഉപയോഗിക്കുന്നത് അർബുദങ്ങൾ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

ടോട്ടൽ പോളാർ കമ്പോണ്ട്സ് (ടി പി സി) 25 ശതമാനത്തിൽ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷ്യ എണ്ണ പുനരുപയോഗം നടത്തുന്നത് ഭക്ഷ്യ സുരക്ഷാ അതോറിട്ടി നിയമം മൂലം നിരോധിച്ചതാണ്.

പുനരുപയോഗം നടത്താതെ ഇത്തരത്തില്‍ സ്ഥാപനങ്ങളില്‍ നിന്നും ഒഴിവാക്കുന്ന ഭക്ഷ്യ എണ്ണ ഭക്ഷ്യ ഇതര ഉപയോഗത്തിന് എന്ന് ധരിപ്പിച്ച് വാങ്ങുന്നവര്‍വഴി വീണ്ടും ഭക്ഷ്യ യൂണിറ്റുകളില്‍ എത്തുന്നതായി ഭക്ഷ്യ സുരക്ഷാ അതോറിട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള എണ്ണയുടെ കൈമാറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!
Close