PSC

എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനം വരുന്നു; യോഗ്യത:പത്താംക്ലാസ്

വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സിയിൽ തയ്യാറാകുന്നു. ഒക്ടോബറിലോ നവംബറിലോ പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി.യാണ് യോഗ്യത. പ്രായത്തിലും മാറ്റമില്ല.

ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സും ഒ.ബി.സി.ക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-മാണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. അടുത്ത ജൂണിൽ പരീക്ഷ തുടങ്ങിയേക്കും. 2020 സെപ്റ്റംബറിന് മുൻപ് പരീക്ഷ തീർക്കും. ഡിസംബറിൽ സാധ്യതാപട്ടിക തയ്യാറാക്കും. 2021 ഏപ്രിൽ ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന വിധം നടപടികൾ പൂർത്തിയാക്കാനാണ് പി.എസ്.സി. ഉദ്ദേശിക്കുന്നത്. നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും.

യോഗ്യതയിൽ മാറ്റമില്ല

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയുടെ പേര് 2013 മുതൽ ക്ലാർക്ക് എന്നാക്കി സർക്കാർ മാറ്റിയിട്ടുണ്ട്. എങ്കിലും പി.എസ്.സി. പഴയ പേരിലാണ് വിജ്ഞാപനം തയ്യാറാക്കുന്നത്. എൽ.ഡി.സിയുടെ യോഗ്യത എസ്.എസ്.എൽ.സിയിൽനിന്ന് പ്ലസ്ടുവാക്കി ഉയർത്തി 2011-ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും സ്പെഷ്യൽറൂൾ അംഗീകരിച്ചിട്ടില്ല. അതിനാൽ 2013-ൽ പ്രത്യേക ഉത്തരവിറക്കിയാണ് എസ്.എസ്.എൽ.സി. യോഗ്യത നിലനിർത്തി എൽ.ഡി.സി. വിജ്ഞാപനങ്ങൾ പി.എസ്.സി. പ്രസിദ്ധീകരിച്ചത്.

സ്പെഷ്യൽറൂൾ ഭേദഗതി ചെയ്യുന്നതുവരെ എസ്.എസ്.എൽ.സി. യോഗ്യതയാക്കി നിയമനം നടത്താൻ പി.എസ്.സിക്ക് അനുമതി നൽകുന്നതാണ് 2013 ജൂലായ് 23-ന്റെ ഉത്തരവ്. യോഗ്യത പ്ലസ്ടുവാക്കിയ 2011 ജൂലായ് ഒന്നിന്റെ ഉത്തരവ് താത്കാലികമായി നിർത്തിവെക്കുന്നതായും അതിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനവും പി.എസ്.സി. തയ്യാറാക്കുന്നത്. ചട്ടം ഭേദഗതിയുടെ നടപടികൾ നിലച്ചിരിക്കയാണിപ്പോൾ.

അപേക്ഷകർ 20 ലക്ഷത്തോടടുക്കും

കഴിഞ്ഞ എൽ.ഡി. ക്ലാർക്ക് വിജ്ഞാപനം 2016 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. അന്നത്തെ വിജ്ഞാപനത്തിന് 14 ജില്ലകളിലായി 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ 20 ലക്ഷത്തോടടുക്കുമെന്നാണ് കരുതുന്നത്. അപേക്ഷകർ കൂടുതലായതിനാൽ ഏഴോ എട്ടോ ഘട്ടമായി പരീക്ഷ നടത്തേണ്ടിവരും.

പഴയ റാങ്ക്പട്ടിക റദ്ദായി രണ്ട് ദിവസം കഴിഞ്ഞാണ് നിലവിലുള്ളത് പ്രസിദ്ധീകരിച്ചത്. ഒന്നരവർഷം പിന്നിടുന്ന റാങ്ക്പട്ടികയിൽനിന്ന് 3554 പേർക്ക് നിയമനശുപാർശ ലഭിച്ചു. ഇനി ഒന്നരവർഷത്തെ കാലാവധിയുണ്ടെങ്കിലും നിയമനങ്ങൾ തീരെ കുറവായിരിക്കുമെന്ന ആശങ്കയുണ്ട്. 2018 ഏപ്രിൽ രണ്ടിനാണ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചത്. ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളുടെ ആദ്യ റാങ്ക്പട്ടിക മാസങ്ങൾക്കുശേഷം പരിഷ്കരിച്ചു. എങ്കിലും ഇവയും 2018 ഏപ്രിൽ രണ്ടിന് നിലവിൽവന്നതായാണ് പി.എസ്.സി. രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നേരത്തേ നിയമനശുപാർശ ആരംഭിച്ചിരുന്നു. 14 ജില്ലകളിലെയും റാങ്ക്പട്ടികകളിലായി ആകെ 36,783 പേരുണ്ട്. മുഖ്യപട്ടികയിൽ 15,333 പേരും ഉപപട്ടികയിൽ 21,450 പേരും.

Related Articles

Back to top button
error: Content is protected !!
Close