Uncategorized
Trending

ഇ-മൊബിലിറ്റി: ധാരണാപത്രം ജൂൺ 5ന് ഒപ്പിടും

സർക്കാരിന്റെ വിവിധ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഡീസൽ/ പെട്രോൾ വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക് കാറുകൾ നൽകുന്ന ഇ-മൊബിലിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുന്നു.

 ഊർജ്ജ വകുപ്പിനു കീഴിലുള്ള അനെർട്ട് മുഖേനയാണ് പദ്ധതി നടപ്പാക്കുക.  ഇത് സംബന്ധിച്ച ധാരണാപത്രം അനെർട്ട് ഡയറക്ടർ അമിത് മീണയും കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ പ്രതിനിധികളും തമ്മിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) രാവിലെ അനെർട്ട് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഒപ്പുവയ്ക്കും.  


പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും കേരള സർക്കാരിന്റെ ഇലക്ട്രിക് വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായും സർക്കാർ വകുപ്പുകൾ കരാറടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഡീസൽ/ പെട്രോൾ വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക് കാറുകൾ നൽകുന്നതിനാണ് ഇ-മൊബിലിറ്റി പദ്ധതി ആവിഷ്‌കരിച്ചത്.

 ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇ-മൊബിലിറ്റി പദ്ധതി പ്രകാരമുള്ള ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ സർക്കാർ ഓഫീസുകളിൽ ഇനിമുതൽ വാടകയ്ക്ക് പുതുതായി എടുക്കാൻ പാടുള്ളൂവെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്.  

ലോക പരിസ്ഥിതി ദിനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് സെക്രട്ടേറിയറ്റിലും പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലും വിവിധതരം ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും.


പദ്ധതി പ്രകാരം ഒറ്റത്തവണ ചാർജ്ജിംഗിൽ 120 കി.മീ മുതൽ 450 കി.മീ വരെ മൈലേജ് ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് നൽകുന്നത്.  അഞ്ച് മുതൽ എട്ട് വർഷം വരെ കോൺട്രാക്ട് വ്യവസ്ഥയിൽ നൽകുന്ന ഇലക്ട്രിക് കാറുകൾ എല്ലാം പുതിയവയാണ്.

Related Articles

Back to top button
error: Content is protected !!
Close