JOB

ഉയര്‍ന്ന ശമ്പളം, ഹോട്ടലില്‍ താമസം; തായ്‌ലാന്റിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ്, ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

തായ്‌ലന്റിലേയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടിവ് തുടങ്ങിയ മേഖലകളില്‍ വ്യാജ റിക്രൂട്ട്മെന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഉയര്‍ന്ന ശമ്പളവും, ഹോട്ടല്‍ താമസവും, വീസയും, തിരികെയുളള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ് തട്ടിപ്പിന് പിന്നിലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടുതലും മ്യാന്‍മാര്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാര്‍ത്ഥികളെ തായ്ലാന്റില്‍ എത്തിക്കുന്നത്. പലരും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട നിലയിലാണ്. അനധികൃത കുടിയേറ്റത്തിന് ചിലര്‍ തായ്ലന്റ് അധികൃതരുടെ പിടിയിലുമായിട്ടുണ്ട്.

വീസാ ഓണ്‍ അറ്റെവല്‍ വഴി എത്തുന്ന ഇന്ത്യന്‍ പൗരന്‍ന്മാര്‍ക്ക് തൊഴില്‍ വീസയോ പെര്‍മിറ്റോ തായ്ലാന്റ് ഗവണ്‍മെന്റ് അനുവദിക്കാറില്ല. ആയതിനാല്‍ ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് ചതികളില്‍ വീഴാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം. ജോലിയിലേയ്ക്ക് പ്രവേശിക്കും മുമ്പ് ഏജന്റിനെക്കുറിച്ചും ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതര്‍ അറിയിച്ചതായി നോര്‍ക്കാ റൂട്ട്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!
Close