ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ നിര്‍ബന്ധം
ഭക്ഷ്യസുരക്ഷാ നിയമം 2006 അനുസരിച്ച് എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പായി ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമായും എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
പ്രവര്‍ത്തന സ്ഥലത്ത് അവ പ്രദര്‍ശിപ്പിക്കണം. ലൈസന്‍സ് /രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ആറു മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ റോഡുകള്‍, തറയില്‍, ഉന്തുവണ്ടികള്‍, തട്ടുകടകള്‍ എന്നിവയിലായി പഴങ്ങള്‍ ,പച്ചക്കറികള്‍, മത്സ്യം, പലഹാരങ്ങള്‍ ചിപ്സ്, ബിരിയാണി മുതലായവ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ ഇല്ലാതെ വില്‍പ്പന നടത്തുന്നതായും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കാത്ത വണ്ടികളില്‍ ഭക്ഷ്യവസ്തുക്കള്‍ കടകളിലേക്ക് കൊണ്ടു പോകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പരിശോധനകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ അവക്കെതിരെ കര്‍ശനമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ എന്നിവയ്ക്ക് പൊതു സേവന കേന്ദ്രങ്ങൾ (CSC) വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെയോ ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസുമായോ ബന്ധപ്പെടുക.