CSCDriver

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിൽ വിദേശത്തും വളയം പിടിക്കാം, അറിയാം ഈ കാര്യങ്ങൾ

പതിനെട്ട് തികയാൻ കാത്തിരിക്കുകയാണ് യുവത്വം ഒരു ഡ്രൈവിങ് ലൈസൻസ് നേടാൻ. വാഹനം ഇരു ചക്രമായാലും നാലുചക്രമായാലും ഓടിക്കാൻ ലൈസൻസ് വേണമെന്ന് കൊച്ചു കുട്ടികൾക്കുപോലുമറിയാം. ലൈസൻസ് കിട്ടാനുള്ള ‘എട്ടിന്റെ’ പണിയും ‘എച്ചിന്റെ’ പണിയുമൊക്കെ പാളാതെ നോക്കാൻ നിത്യാഭ്യാസവും പതിവ്. ആദ്യം ലേണേഴ്സും പിന്നെ ആ മൈതാന പരീക്ഷയിൽ വിജയശ്രീ ലാളിതനായാൽ വണ്ടിയോടിക്കാനുള്ള സർക്കാരിന്റെ അനുമതിയും റെഡി. പക്ഷേ ഇതുകൊണ്ട് എവിടെയൊക്കെ വാഹനം ഓടിക്കാം?…

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതും ലൈസൻസ് നൽകുന്നതും സംസ്ഥാന മോട്ടർ വാഹന വകുപ്പാണെങ്കിലും കിട്ടുന്നത് ഇന്ത്യൻ യൂണിയൻ ഡ്രൈവിങ് ലൈസൻസ്. അതായത് ലൈസൻസ് കിട്ടിയാൽ രാജ്യം മുഴുവൻ വാഹനം ഓടിക്കാനുള്ള നിയമപരമായ അനുമതിയായി. ഏതുതരത്തിലുള്ള വാഹനത്തിനാണോ ലൈസൻസ് ലഭിച്ചത് ആ വാഹനം മാത്രമേ ഓടിക്കാവൂ എന്നു മാത്രം. പക്ഷേ ഇന്ത്യൻ ലൈസൻസുള്ളയാൾ രാജ്യത്തിനു പുറത്ത് വാഹനം ഓടിക്കുന്നത് നിയമപരമാമാണോ?

🔹ഡ്രൈവിങ് മറ്റു രാജ്യങ്ങളിൽ

ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകൾ കടന്നേ മതിയാവൂ. ഇല്ലെങ്കിൽ കടുത്ത നിയമ നടപടിയും സാമ്പത്തിക ബാധ്യതയും ഒക്കെ നേരിടേണ്ടി വന്നേക്കാം. നാട്ടിലെ ഡ്രൈവിങ് ലൈസൻസുണ്ടെങ്കിലും വിദേശത്ത് വാഹനം ഓടിക്കാനാവില്ല. ഏതു രാജ്യത്ത് വാഹനം ഓടിക്കണമെങ്കിലും അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കണം. മിക്ക വിദേശ രാജ്യങ്ങളിലും ഇത് കഠിനമായ പ്രക്രിയയാണ്.

പ്രവാസം ജീവിതത്തിന്റെ ഭാഗമായ മലയാളികൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണിത്. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരിൽ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്. ആറു മാസമെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കു മാത്രമേ മിക്ക രാജ്യങ്ങളിലും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ പോലുമാവൂ. കടിച്ചാൽ പൊട്ടാത്ത ചോദ്യങ്ങളുള്ള എഴുത്തു പരീക്ഷയ്ക്ക് ശേഷം പ്രൊവിഷനൽ ലൈസൻസ് (നമ്മുടെ ലേണേഴ്സ്) ലഭിച്ചാലേ ഡ്രൈവിങ് ക്ലാസുകളിൽ ചേരാൻ കഴിയൂ. നിശ്ചിത ആഴ്ചകളിലെ പഠനത്തിനു ശേഷം അതികഠിനമായ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുകയും വേണം ലൈസൻസ് സ്വന്തമാക്കാൻ. ഇതെല്ലാം മാസങ്ങൾ നീളുന്ന പ്രക്രിയയായതിനാൽ വിദേശത്ത് ചെന്നാലുടനെ ലൈസൻസ് എടുക്കാമെന്ന് കരുതുകയേ വേണ്ട. വിദേശരാജ്യങ്ങളിൽ തന്നെ ഏറ്റവും പ്രയാസം ഗൾഫ് രാജ്യങ്ങളിലെ ലൈസൻസ് കിട്ടാനാണെന്നതിനാൽ ഇതു മലയാളികൾക്ക് കഠിന പ്രയത്നമായി മാറുന്നു.

🔹ഇന്റർനാഷനൽ ‍ഡ്രൈവിങ് പെർമിറ്റ്

ഓരോ രാജ്യത്തെയും ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ വ്യത്യസ്തമാണ്. അതിനാൽ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങൾ വാഹനം ഓടിക്കുന്നതിനു മുൻപ് മനസ്സിലാക്കിയിരിക്കണം. ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് 6 മാസം വരെ ഉപയോഗിക്കാം. എന്നാൽ ഇതു മാത്രം കൊണ്ട് നിയമപരമായ പൂർണ സുരക്ഷിതത്വം കിട്ടണമെന്നില്ല. ഇവിടെയാണ് ഇന്ത്യയിൽ നിന്നു തന്നെ സ്വന്തമാക്കാവുന്ന ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന്റെ പ്രസക്തി. ഇന്ത്യയിൽ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിങ് ലൈസൻസുള്ളയാളിന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് (ഐഡിപി) അപേക്ഷിക്കാം.

🔹അപേക്ഷ എവിടെ

അപേക്ഷകന്റെ മേൽവിലാസം ഏത് ആർടി ഓഫിസിന്റെ പരിധിയിലാണോ അവിടെ നേരിട്ട് അപേക്ഷിക്കുകയായിരുന്നു മുൻപ്. എന്നാലിപ്പോൾ ഓൺലൈൻ – ഓഫ്‌ലൈൻ രീതിയിലാണ് അപേക്ഷിക്കേണ്ടത്. മോട്ടർ വാഹന വകുപ്പിന്റെ വെബ്സൈറ്റായ പരിവാഹനിലാണ് നിങളുടെ അടുത്തുള്ള കേന്ദ്ര സർക്കാർ അംഗീകൃത കേന്ദ്രമായ ഡിജിറ്റൽ സേവ കോമൺ സർവ്വിസ് സെന്റർ വഴിയും ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

🔹ആവശ്യമായ രേഖകൾ

. സാധുവായ ഡ്രൈവിങ് ലൈസൻസ്
. സാധുവായ ഇന്ത്യൻ പാസ്പോർട്ട്
. സന്ദർശിക്കുന്ന രാജ്യത്തിന്റെ വീസ

ഡിജിറ്റൽ സേവ കോമൺ സർവ്വിസ് സെന്റർ വഴി പരിവാഹൻ വെബ്സൈറ്റിൽ ‘സാരഥി’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ‘അപ്ലൈ ഓൺലൈൻ’ ക്ലിക് ചെയ്യുമ്പോൾ ‘സർവീസസ് ഓൺ ഡ്രൈവിങ് ലൈസൻസ്’ ലഭിക്കും. . ഇതിൽ ‘ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്’ സെലക്ട് ചെയ്ത് രേഖകൾ അപ്‍ലോഡ‍് ചെയ്യണം. ഇതിന് ശേഷം നിർദിഷ്ട ഫീസ് ഓൺലൈനായി അടയ്ക്കുക. തുടർന്ന് ഇവയുടെ പ്രിന്റ് എടുത്ത ശേഷം ഡ്രൈവിങ് ലൈസൻസിലെ വിലാസമുള്ള സ്ഥലത്തെ ആർടി ഓഫിസിനെ സമീപിക്കണം. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഇവിടെ നിന്ന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് അനുവദിക്കും.

🔹എത്രകാലം, എവിടെയൊക്കെ?

ഒരു വർഷമാണ് ഐഡിപിയുടെ കാലാവധി. ചില രാജ്യങ്ങൾ 6 മാസമേ അനുവദിക്കുന്നുള്ളൂ. എന്നാൽ എവിടെയും ഇന്ത്യയിലെ സാധുവായ ഡ്രൈവിങ് ലൈസൻസ് ഐഡിപിക്ക് ഒപ്പമുണ്ടാകണം. ഇന്ത്യയിൽ ഏത വാഹനം ഓടിക്കാനാണോ ലൈസൻസ് ഉള്ളത് അതേ ഗണത്തിൽപെട്ട വാഹനം മാത്രമേ ഓടിക്കാനാവൂ.

🔹റിവേഴ്സ് ഗിയർ:

ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എന്ന പേരിൽ ഓൺലൈനിൽ തട്ടിപ്പുകൾ നടക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് നന്ന്. ഓട്ടമൊബീൽ അസോസിയേഷനുകളുടെയും മറ്റും പേരിൽ ഓൺലൈനിൽ കിട്ടുന്ന ലൈസൻസ് അംഗീക‍ൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂ.
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

Related Articles

Back to top button
error: Content is protected !!
Close