PSC

കേരള സർക്കാർ ജോലിക്കും പി എസ് സി ഒറ്റ തവണ റെജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം

തൊഴിൽ തട്ടിപ്പ് അനുവദിക്കില്ല; സംസ്ഥാന സർക്കാർ ജോലിക്ക് ഇനി ആധാർ നിർബന്ധം

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് ഇനി നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, സര്‍വിസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും ആധാര്‍ ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറി കത്ത് നല്‍കിയിരുന്നു.

ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ആറുമാസം മുമ്പാണ് പിഎസ്‌സി ഇതാരംഭിച്ചത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിയമന ശുപാര്‍ശ നേരിട്ട് കൈമാറുന്ന രീതിക്കും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ നടത്തിയിരുന്നത്. പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ ഇതുവരെ 32 ലക്ഷം പേര്‍ പ്രൊഫൈല്‍ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 53 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവരില്‍ നിയമന ശുപാര്‍ശ കിട്ടുന്നവര്‍ ആധാര്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.

സർക്കാർജോലിയിൽ സ്ഥിരപ്പെടാൻ പി.എസ്.സി.യുടെ നിയമനപരിശോധന 2010 മുതലാണ് ഏർപ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്കു കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തൂ.

ലക്ഷ്യം ആൾമാറാട്ടം തടയൽ

  • പി.എസ്.സി.യിൽ ഒറ്റത്തവണ പ്രൊഫൈൽ രജിസ്ട്രേഷൻ നടത്താൻ ആധാർ ബന്ധിപ്പിക്കണം.
  • ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ മാത്രമേ പി.എസ്.സി.യുടെ വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കാനാകൂ.
  • അപേക്ഷ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് ഉറപ്പുള്ളവരെ പി.എസ്.സി. പരീക്ഷയ്ക്കു ക്ഷണിക്കും.
  • പരീക്ഷാഹാളിലെ ബയോമെട്രിക് പരിശോധനയിലൂടെ അപേക്ഷകൻ തന്നെയാണ് പരീക്ഷയെഴുതുന്നതെന്ന് ഉറപ്പാക്കും.
  • കായികപരീക്ഷ, അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്കും ബയോമെട്രിക് പരിശോധനയിലൂടെ അപേക്ഷകനെ ഉറപ്പാക്കും.
  • ജോലിയിൽ പ്രവേശിച്ചശേഷമുള്ള നിയമന പരിശോധനയ്ക്കും ആധാർ ഉപയോഗിക്കുന്നതോടെ പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരായ ആൾതന്നെയാണ് ജോലിയിലുള്ളതെന്ന് ഉറപ്പാക്കാനാകും.

Related Articles

Back to top button
error: Content is protected !!
Close