EDUCATION

പഠനം ആരംഭിക്കാം; സർക്കാർ സൗകര്യങ്ങൾ ഒരുക്കും

വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വരുന്ന അധ്യയന വർഷത്തിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓൺലൈൻ പഠന സംവിധാനമൊരുക്കി സർക്കാർ.

  • ടി.വി
  • ലാപ്‌ടോപ്പ്
  • ടാബ്
  • സ്മാർട്ട് ഫോൺ

തുടങ്ങിയവ ഉപയോഗപ്പെടുത്തി സർക്കാരിന്റെ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പഠനവിഷയങ്ങൾ വിദ്യാർത്ഥികൾക്ക് വിവിധ സമയങ്ങളിൽ ലഭ്യമാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

സർക്കാരിന്റെ പുതിയ ഓൺലൈൻ പഠന സംവിധാനത്തിന്റെ ഭാഗമായി ചീഫ് വിപ്പ് അഡ്വ. കെ. രാജന്റെ അദ്ധ്യക്ഷതയിൽ അരണാട്ടുകര അർബർ റിസോർസ് സെന്ററിൽ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സിന്റെയും കൗൺസിലർമാരുടേയും ഒല്ലൂർ മണ്ഡലതല അവലോകന യോഗം ചേർന്നു.


ഭൗതിക സാഹചര്യങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും ഈ സംവിധാനം ലഭിക്കാതെ പോകരുതെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എ. മാരുടെ നേതൃത്വത്തിൽ സാങ്കേതിക ഭൗതിക സാഹചര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് ജനപ്രതിനിധികളുടെ സഹായത്തോടെ വ്യക്തമായ സംരക്ഷണത്തോടെ തൊട്ടടുത്ത വീട്ടിലെ ടെലിവിഷൻ സൗകര്യം പ്രയോജനപ്പെടുത്താൻ സൗകര്യം ഒരുക്കും.

ഇത് ലഭ്യമല്ലാത്തവർക്ക് അധ്യാപകർ വീടുകളിലേക്ക് നേരിട്ട് ചെന്ന് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും, നാലിൽ കൂടുതൽ വിദ്യാർത്ഥികൾ ഉള്ളിടത്ത് ആ പ്രദേശത്തെ വായനശാലകൾ, ക്ലബ്ബ്, അങ്കൺവാടി എന്നിവിടങ്ങളിൽ ടെലിവിഷൻ സൗകര്യം ഏർപ്പെടുത്തുന്നതിനും, ഇതിനെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനം ഉറപ്പ് വരുത്താനുമാണ് ചീഫ് വിപ്പ് നിർദ്ദേശിച്ചത്.

ഇതോടെ മെയ് 25 നകം ഈ സംവിധാനം പൂർണ്ണമായി ഉറപ്പ് വരുത്തുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും ഒരേ സമയം ഓൺലൈൻ ക്ലാസ്സ് ലഭ്യമാകുന്നതിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതനുസരിച്ച് ഒല്ലൂർ നിയോജക മണ്ഡലത്തിൽ മലയോര മേഖലകൾ ഉൾപ്പെടെ 46 സ്‌കൂളുകളിൽ 532 വിദ്യാർത്ഥികൾക്ക് വീടുകളിൽ ഇത്തരം സംവിധാനങ്ങൾ ഇല്ലാത്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് രണ്ടാമത് നടന്ന സ്‌ക്രീനിങ്ങിൽ അത് 400ലേക്ക് കുറഞ്ഞിട്ടുണ്ട്. തുടർന്നും വാർഡ് മെമ്പർമാരുടെയും കൗൺസിലർമാരുടേയും സഹകരണത്തോടെ സൗകര്യങ്ങൾ ചെയ്തു നൽകേണ്ട കുട്ടികളെ കണ്ടെത്തണമെന്നും ചീഫ് വിപ്പ് യോഗത്തിൽ പറഞ്ഞു.

ഇതിനോടകം നടത്തറ പുത്തൂർ പഞ്ചായത്ത് യോഗം നടന്നതായും വെളളിയാഴ്ച (മെയ് 22) മാടക്കത്തറ പാണഞ്ചേരി പഞ്ചായത്തിലും ഓൺലൈൻ പഠന സംവിധാനവുമായി ബന്ധപ്പെട്ട യോഗം നടക്കുമെന്നും അറിയിച്ചു.

ഇനിനു പുറമെ വിക്ടേർസ് ചാനൽ ലഭിക്കാത്ത ഡിടിഎച്ചായ സൺ ഡിജിറ്റലിനും, വിക്ടേർസ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാത്ത മറ്റ് ചില പ്രാദേശിക കേബിൾ ടിവി നെറ്റ് വർക്കുകൾ സംപ്രേക്ഷണം ചെയ്യുന്നതിന് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കാൻ മുഖ്യമന്ത്രിയുമായി ഇടപെട്ട് കത്ത് അയച്ചതായും ചീഫ് വിപ്പ് വ്യക്തമാക്കി.


യോഗത്തിൽ ഡെപ്യൂട്ടി മേയർ റാഫി എം ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരോളി ജോഷ്വ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർമാരായ സുജിൻ ഇഗ്‌നേഷ്യസ്, ഫേബ കെ ഡേവിഡ്, മുൻ മേയർ അജിത വിജയൻ, ബി ആർ സി കോഡിനേറ്റർ മാരായ ജെയിൻ സി ജോൺ, ജിൽസി, ക്രിസ്റ്റി എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!
Close